അമേരിക്കയില്‍ കഴിഞ്ഞ ആറ് മാസമായി വിചാരണ തടവില്‍ ജാമ്യം നിഷേധിക്കപ്പെട്ട് കഴിയുന്ന മലയാളി ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിനെതിരേയുള്ള നീതിനിഷേധം തുടരുന്നു. ആനന്ദ് ജോണിന്റെ കാര്യത്തില്‍ നടക്കുന്ന നഗ്നമായ മനുഷ്യാവകാശലംഘനം അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയ്ക്കാകെ അപമാനമാണ്‍.
അമേരിക്കന്‍ മലയാളി സംഘടനകളും മറ്റും ഈ വിഷയത്തില്‍ മൌനം പാലിക്കുകയാണെന്നത് ദുരൂഹതയുണര്‍ത്തുന്നു.
ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കിക്കൊണ്ടിരുന്ന യുവ ഫാഷന്‍ ഡിസൈനറായിരുന്ന ആനന്ദ് ജോണിനെതിരെ വളരെ ആസൂത്രിതമായാണ് കേസുകളുടെ ഒരു ഘോഷയാത്ര അരങ്ങേറിയത്. 40 ഓളം കുറ്റാരോപണങ്ങള്‍ അദ്ദേഹത്തിനെതിരേ ആരോപിക്കപ്പെട്ടിരിക്കുകയാണ്‍. ഇന്റര്‍നെറ്റില്‍ അദ്ദേഹത്തിനെതിരേ കള്ളക്കഥകളുടെ ഒഴുക്ക് തുടരുകയാണ്‍. സ്വന്തം ഡിസൈനര്‍ ജീന്‍സ് ബ്രാന്‍ഡ് ലോഞ്ച് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. റിപ്പബ്ലിക്കന്‍ നേതാവായിരുന്ന റൂഡി ഗിയുലേനി, മിഡില്‍ ഈസ്റ്റേണ്‍ റോയല്‍റ്റി, ഡോണാള്‍ഡ് ട്രംപ്, പാരിസ് ഹില്‍ട്ടന്‍, പാട്ടുകാരായ മേരി ജെ ബ്ലിഡ്ജ്, മലാനിസ് മോറിസെറ്റി എന്നിവരുടെ വസ്ത്ര ഡിസൈനറായിരുന്നു ജോണ്‍. പാരീസ് ഉള്‍പ്പടെയുള്ള ഹോളിവുഡ് സുഹൃത്തുക്കള്‍ക്ക് ജോണ്‍ തികഞ്ഞ മാന്യനാണെന്നാണ് അഭിപ്രായം.
ആനന്ദ് ജോണിനെപ്പറ്റി മനോരമ ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത താഴെ ചേര്‍ക്കുന്നു:
ആനന്ദ് ജോണ്‍ വംശീയതയുടെ ഇരയോ?
സ്വന്തം ലേഖകന്‍
യുഎസിലെ പ്രശസ്‌ത ഫാഷന്‍ ഡിസൈനറും മലയാളിയുമായ ആനന്ദ് ജോണ്‍ അലക്സാണ്ടര്‍ വംശീയതയുടെ ഇരയോ? ആണെന്നും അല്ലെന്നും അഭിപ്രായം ഉയരാമെങ്കിലും വര്‍ഷങ്ങളായി പ്രശസ്‌തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ആനന്ദിനെതിരെ ഇപ്പോള്‍ മാത്രം ഒരു പീഡന ആരോപണ പരമ്പര ഉയര്‍ന്നതാണ് സംശയത്തിനിടയാക്കുന്നത്.
ഫാഷന്‍ രംഗത്ത് ലൈംഗികതയുടെ അണിയറക്കഥകള്‍ പുതുമയല്ല. എന്നാല്‍ ഒരു പതിനഞ്ചുകാരിയടക്കം മൂന്ന് യുവതികളെ മാനഭംഗപ്പെടുത്തിയെന്ന് കാട്ടി ഒരു സുപ്രഭാതത്തില്‍ ആരംഭിച്ച ഈ വിവാദം ആനന്ദ് ജോണ്‍ എറെ കാത്തിരുന്ന സ്വന്തം 'എജെ ജീന്‍സ് ബ്രാന്‍ഡ് രംഗപ്രവേശത്തിന് ആഴ്ചകള്‍ക്ക് മാത്രം മുമ്പാണ് മുളപൊട്ടിയത് എന്നതാണ് സംശയങ്ങള്‍ക്കും ജീവന്‍ വയ്പ്പിക്കുന്നത്.
ഫാഷന്‍ രംഗത്ത് ഏറെ മുന്നേറിയ യുവ രക്‌തമായ ആനന്ദിനെ വിവാദചുഴിയിലാക്കിയ ചിലര്‍ വംശീയതയുടെ പിന്‍ബലത്തില്‍ അദ്ദേഹത്തെ നിയമക്കുരുക്കിലാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. യുഎസ് പൗരത്വം ഇനിയും നേടാത്ത ആനന്ദിന് നിയമവഴിയിലെ യുദ്ധം മാനനഷ്ടത്തിനൊപ്പം വന്‍ ധനബാധ്യതയും വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അസൂയാലുക്കള്‍ സ്വപ്നം കണ്ടത് പോലെ ലോസാഞ്ചലസ് ഫാഷന്‍ വീക്കിനോട് അനുബന്ധിച്ച് കുല്‍വര്‍ സിറ്റി സ്റ്റുഡിയോയില്‍ എജെ ജീന്‍സ് എന്ന പേരിലുള്ള സ്വന്തം കളക്ഷന്‍ രംഗത്തിറക്കാനുള്ള ആനന്ദ് ജോണിന്റെ പദ്ധതി പാളിക്കഴിഞ്ഞു. എജെ ജീന്‍സ് കലക്ഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ഫാഷന്‍ വീക്കിന്റെ വെബ്സൈറ്റില്‍ നിന്നും ഇതിനകം മാറ്റിയിട്ടുണ്ട്.
ആനന്ദ് ജോണിനെ (33) മാനഭംഗക്കേസില്‍ ഹോളിവുഡിലെ ബെവലി ഹില്‍സ് പൊലീസാണ് ഈ മാസം ആദ്യം അറസ്റ്റ് ചെയ്‌തത്. മോഡലിങ് അവസരം ലഭിക്കാഞ്ഞതിന്റെ പേരില്‍ ആനന്ദിനെതിരെ പരാതിക്കാര്‍ കള്ളക്കേസ് ചമച്ചതാണെന്ന് ആനന്ദിന്റെ അഭിഭാഷകന്‍ റൊനല്‍ഡ് റിച്ചഡ്സ് പറഞ്ഞെങ്കിലും അത് ബധിര കര്‍ണങ്ങളിലാണ് പതിച്ചത്.
കുറ്റം തെളിയിക്കപ്പെടുന്നതിന് മുന്‍പ് തന്നെ ഒരു പ്രശസ്‌ത വ്യക്‌തിത്വം തടവറയിലാവുന്ന ദുസ്ഥിതിയാണ് ഇതോടെയുണ്ടാവുന്നത്. കുട്ടികളെ പീഡിപ്പിച്ചുവെന്ന ആരോപണത്തില്‍ കുറ്റാരോപിതനായ മൈക്കല്‍ ജാക്സണ്‍ പോലും നെഞ്ചു വിരിച്ചു നടന്ന നാട്ടിലാണ് ഈ യുവപ്രതിഭയ്ക്ക് ജയിലഴികള്‍ കണി കാണേണ്ടി വരുന്നത്. ഒപ്പം ഫാഷന്‍ വീക്കിനായി ആനന്ദ് കരുതിയ സ്വപ്നങ്ങളും പാളി.
ഒരു പതിനഞ്ചുകാരിയടക്കം മൂന്നു യുവതികളെ മാനഭംഗപ്പെടുത്തിയെന്നാണു ആനന്ദിനെതിരായ കുറ്റാരോപണം. 13 ലക്ഷം ഡോളര്‍ കെട്ടിവച്ചാല്‍ ജാമ്യം ലഭിക്കും. എന്നാല്‍ കേസില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ നാലു വരെ നീട്ടിയ കോടതി ആനന്ദിന് അതു വരെ ജാമ്യത്തിനുള്ള അവസരം നിഷേധിക്കുകയും ചെയ്‌തു. ന്യൂസ് വീക്ക് വാരികയുടെ ഇക്കൊല്ലത്തെ 20 പ്രഫഷനല്‍ 'നേതൃസ്ഥാനക്കാരില്‍ ഒരാളായ ആനന്ദ് ജോണ്‍ ചെന്നൈയില്‍ പഠിച്ചശേഷം ന്യൂയോര്‍ക്കിലെ പ്രശസ്‌തമായ പാഴ്സന്‍ സ്കൂള്‍ ഒഫ് ഡിസൈനില്‍ നിന്നു ബിരുദം നേടിയത്.
ഇപ്പോഴും ഇന്ത്യന്‍ പൗരത്വം സൂക്ഷിക്കുന്ന ആനന്ദിന്റെ ഇടപാടുകാരില്‍ പ്രശസ്‌തമായ ഹില്‍ട്ടന്‍ ഹോട്ടല്‍ ശൃംഖലയുടെ അവകാശി പാരിസ് ഹില്‍ട്ടന്‍, ജോര്‍ദാന്‍ രാജ്ഞി നൂര്‍, കെട്ടിടനിര്‍മാണ സമ്രാട്ട് ഡൊനല്‍ഡ് ട്രമ്പ്, ന്യൂയോര്‍ക്ക് മുന്‍ മേയര്‍ റൂഡി ഗെയിലിയനി തുടങ്ങിയവര്‍ വരെ ഉള്‍പെടുന്നു.
തൊഴില്‍ പരമായ അസൂയ തന്നെയാവാം ഹോളിവുഡില്‍ തന്നെ തിളക്കമാര്‍ന്ന ഈ ഫാഷന്‍ ഡിസൈനറെ അപവാദ ചുഴിയിലാക്കിയതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും പറയുന്നത്. അവര്‍ ഇതിനായി നിരത്തുന്ന കാരണങ്ങളും നിരവധി. 2007 ല്‍ ന്യൂസ് വീക്കിന്റെ ശ്രദ്ധേയ വ്യക്‌തിത്വങ്ങളില്‍ ഇടം നേടിയ ആനന്ദിന്റെ ജീന്‍സ് കളക്ഷന്‍സ് അവ പുറത്തിറങ്ങും മുന്‍പ് തന്നെ സംസാര വിഷയമായിരുന്നതാണ് ഇതിലൊന്ന്.
ലോസാഞ്ചലസ് ഫാഷന്‍ വീക്കില്‍ അവതരിപ്പിക്കാനിരുന്ന ഈ ജീന്‍സ് കളക്ഷനുകള്‍ക്കൊപ്പം ഫാഷന്‍ വീക്കിലെ ക്ഷണിതാക്കളുടെ മുന്‍ നിര കസേരയിലൊന്നാണ് ആനന്ദിന് കേസിലൂടെ നഷ്ടമായത്. മാധ്യമ ശ്രദ്ധ നേടുന്ന ഈ നിരയില്‍ നിന്നാണ് അപവാദ ചുഴിയില്‍ വീണ ആനന്ദ് കുപ്രസിദ്ധനാവുന്നതും.
മനോരമ വാര്‍ത്തയുടെ ലിങ്ക്
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ബ്ലോഗിലെ ഇംഗ്ലീഷ് ലേഖനങ്ങള്‍ വായിക്കുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment